വാസവൻ മുക്കിലെ കിച്ചൂസ് ബേക്കറിയിൽ മുറ്റപഫ്‌സിനെക്കാൾ കനത്തിൽ പരിപ്പുവട നിറഞ്ഞിരിക്കുന്നതിനും കാരണം ഗോപി ചേട്ടൻ ആയിരുന്നു.
വൈകുന്നേരം 4 മണിയുടെ ചായക്കൊപ്പൊള്ള ചെറുകടിയിൽ പരിപ്പുവടക്കൊപ്പം പാളേംകോടൻ പഴവും കൂട്ടിയുള്ള ഒരു ബൈറ്റ് സ്കൂൾ വിട്ട് വരുന്ന പിള്ളേർക്കിടയിൽ പോലും ഹിറ്റായി.
ചൂട് ചായ ഒരു സിപ് എടുത്ത്, പരിപ്പുവട ഒന്ന് കടിച്, അതിനൊപ്പം തന്നെ പാളേം കോടൻ പഴം ഒന്നു തേമ്പി എടുക്കുന്നതായിരുന്നു അതിന്റെ ഒരു ലൈൻ.
ഗോപി ചേട്ടൻ ആയ കാലത്ത് ഹിറ്റാക്കിയ സാധനം അപ്പുറത്തെ കടകളിൽ ഓടിച്ചു നോക്കിയെങ്കിലും ഗോപിച്ചേട്ടന്റെ സാനിധ്യം കിച്ചൂസിൽ മാത്രം പരിമിതം ആയതു കൊണ്ട് പാരിസ് ബേക്കറിയും,ന്യൂ gen ആയ ഹോട്ട് bun ബേക്കേഴ്‌സ് പോലും അത്ര കണ്ട് ക്ലച്ച് പിടിച്ചില്ല.
ഗോപിച്ചേട്ടന്റെ സാനിധ്യം ഹിറ്റടിക്കാനും കാരണമുണ്ട്.വാസവൻ മുക്കെന്നാണ് പേരെങ്കിലും സ്ഥലത്തെ പ്രധാനി ഗോപി ചേട്ടൻ തന്നാരുന്നു.ആ ജംഗ്ഷനിലും, ചുറ്റുവട്ടത്തും കൂടാതെ,എന്തിനു പറയുന്നു ഒന്റാരിയോ മുക്കിലെ(Ontario) കാര്യങ്ങളിൽ പോലും പുള്ളിക് പുള്ളിയുടെതായ ഞായം ഉണ്ടായിരുന്നു.അതൊക്കെ ഇറക്കി വിടുന്നതാവട്ടെ കിച്ചൂസിലും.
ഗോപി ചേട്ടന്റെ കൗണ്ടറുകൾ ചൂടപ്പം പോലെ കിച്ചൂസിൽ വിറ്റു പോയി.കേൾക്കാനും ആളുണ്ടായി.
അങ്ങനിരിക്കെ ഗോപി ചേട്ടൻ ഒരു ഇറക്ക് ഇറക്കി.
"പെരുന്നക്കരേലെ രാജീവ് ഉണ്ടല്ലോ...അങ്ങു ജർമനീൽ പെമ്പറോന്നത്തിയും ആയിട്ട് നാടും കൂടും വിട്ട് ഇവിടുന്നങ് പോയെങ്കിലും,ഇവിടെ കിടന്ന് അനുഭവിക്കുന്നത് അവന്റെ ബാക്കി സ്വന്തക്കാര....അതെങ്ങനാ...നല്ല ഉഗ്രൻ സർപ്പദോഷം വരുത്തി വച്ചിട്ടല്ലേ അവൻ പോയേ...വീട്ടുകാരെല്ലാം ചേർന്ന് നഴ്സിങ്ങിന് പഠിക്കാൻ വിട്ട് ബാംഗ്ലൂർ പോയി കിടന്ന് ഒരു പെമ്പളച്ചി(ക്രിസ്ത്യൻ) പെങ്കൊച്ചിനേം കെട്ടി വന്ന് മൂന്നാം മാസം വിമാനം കേറിത...കുടുംബപരമായിട്ട് നോക്കി വന്ന ഒരു സർപ്പകാവുണ്ടെന്നോ...വിളക്ക് വെക്കണോന്നോ...അവനറിയ്യോ...അവനാ പെമ്പളച്ചിയേം മണപ്പിച്ചങ് പോയില്ലേ...ആകെ വരുന്നെ ക്രിസ്മസിനാ...അതും പെമ്പറന്നോത്തിടെ സ്വന്തക്കാരെ കാണാൻ...ന്നിട്ടോ എല്ലാരൂടെ പത്തു പതിനഞ്ചു ദിവസം കുടിച്ചും പെടുത്തും കിടന്ന് കേറി പോവേം ചെയ്യും."
"വേറെന്ത് ദോഷോം ആയാലും എന്തേലും ക്രിയയോ കർമോ ചെയ്ത് മാറ്റാം...ഈ സർപ്പദോഷം അങ്ങനല്ല...സർപ്പം നോട്ടമിട്ട ഇട്ടത...അവന്റെ വീട്ടുകാർക്ക് സൂക്കേഡ് മാറിയ ദിവസോണ്ടോ...എന്നും ആശൂത്രി...ആശൂത്രി"
കുറച്ചു നിമിഷം നിശ്ശബ്ധത ആയിരുന്നു.പിന്നെയും നിശ്ശബ്ധത തന്നായിരുന്നു.
ഗോപിച്ചേട്ടനെ എതിർത്തും മറിച്ചും ആരും ഒന്നും പറഞ്ഞില്ല.പരിപ്പുവടയുടെ കറും മുറും മാത്രാണ് അന്നവിടെ ഒച്ച ഉണ്ടാക്കിത്.
ചുരുക്കം പറഞ്ഞ...സർപ്പ ദോഷത്തെ പറ്റി ഇത്ര ആധികാരികമായി ആരും ഒന്നും വാസവൻ മുക്കിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല.വാസവൻ മുക്കിലെന്നല്ല എവിടെയും പറഞ്ഞിണ്ടായിരുന്നില്ല..രാജീവിന്റെ സ്വന്തകാരുടെ അവസ്ഥ അത്ര പരിതാപകരവും ആയിരുന്നു.
(ഇരുട്ട്...വാസവൻ മുക്കിനെ വിഴുങ്ങുന്ന ഇരുട്ട്)
പിറ്റേന്ന് ഗോപി ചേട്ടൻ ഒഴിച്ച്, ബാക്കിയെല്ലാരും ഞെട്ടുന്ന ഒരു വാർത്ത കേട്ടാണ് വാസവൻ മുക്ക് ഉണർന്നത്.
ഗോപി ചേട്ടൻ മരിച്ചു പോയിരിക്കുന്നു ! അതും പാമ്പ് കടിയേറ്റ് ! അതും പാമ്പ് കടിയേറ്റ് !
അതും പാമ്പ് കടിയേറ്റ്...ചിത കത്തുമ്പോഴും ആരുടേക്കെയോ ചുണ്ടിൽ നിന്ന് ചുണ്ടിലേക്ക് അത് പാറുന്നുണ്ടാരുന്നു.
അവസാന എല്ലും പൊടിഞ്ഞു തീർന്ന്...മെംമ്പർ ശിവൻ ലാസ്റ്റ് പെഗ്ഗും കമത്തുമ്പോ പറഞ്ഞു....
"വേറെന്തുവ..അതിങ്ങള് നോക്കിരിഞ്ഞു പണിഞ്ഞത...ഓരോന്ന് പറഞ്ഞു ഉണ്ടാകുംമ്പോ അതിങ്ങക്കും നക്കാനും കൊത്താനും ഒക്കെ തോന്നും" !
Photo credits : pinterest



.jpg)
