Saturday, 11 April 2020

ഒരു പല്ലിയുടെ കഥ

അല്ലാ ...ഇന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ   പോലെ ഒന്നും പറയാനില്ലേ ...ഒന്നും....

ജോലി കഴിഞ്ഞു ഷർട്ട് മാറുന്നതിനിടയിൽ ഷോൺ ചോദിച്ചു .അല്ലാ മരണ വീടിനേക്കാൾ മൂകത ആണല്ലോ .ഒരു ചായ എങ്കിലും തിളപ്പിച്ച് താടോ ...

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത് കേൾക്കുന്നത് കൊണ്ട്  റൂമിലെ പടിഞ്ഞാറേ മൂലയിലുള്ള നീളൻ എട്ടുകാലി കുഞ്ഞിന് ഇന്നത്തെ പറച്ചിലിലും വല്യ പുതുമയൊന്നും തോന്നിയില്ല.കുഞ്ഞനായിരുന്നെങ്കിലും ആളും തരവും,സന്ധി  സംഭാഷണങ്ങളും എല്ലാം തിരിച്ചറിയാനുള്ള പക്വത അതിനുണ്ടായിരുന്നു .


ഷോൺ തുടർന്നു ...നിൻ്റെ  FB പ്രൊഫൈലിലെ പേര് ഖദീജ ഷോൺ ന്നു മാറ്റി പഴയ ഖദീജ ഹാഷിം  എന്നാക്കിയടുത്തുന്നു  ആണല്ലോ ഞാൻ പ്രശ്നം അറിഞ്ഞു  തുടങ്ങിയത് . ഹാഷിം എന്ന വാലറ്റം മുറിച് എൻ്റെ പേര് ചേർത്തത് തന്നെ നിൻറെ  ഇഷ്ട പ്രകാരമായിരുന്നു......അല്ലെങ്കിലും വാശി നിന്റെ കൂടെ പിറപ്പാരുന്നല്ലോ..എന്റെയും....വീട്ടുകാര്  വിവാഹത്തിന് സമ്മതിക്കാത്തതിലുള്ള വാശി നീ വീട്ടുകാരോട് കാണിച്ചത് പേരിലെ വാലറ്റം മുറിച്ചായിരുന്നു. എനിക്ക് നീ കൂടെ ഉണ്ടാവണമെന്ന് തോന്നിയതും നിന്റെ ഇത്തരത്തിലുള്ള കുറെ ഭ്രാന്തുകൾ കണ്ടിട്ടായിരുന്നു.ഒരേ  ഭ്രാന്തുള്ളോരേ  കിട്ടുക എന്നത് തന്നെ വല്യ കാര്യാ...അവരെ കെട്ടുക എന്നത് വല്യ ഭാഗ്യവും.മ്മടെ ഭ്രാന്ത് മൂത്തു ചങ്ങലക്കിടണമെന്ന  അവസ്ഥ എത്തിയപ്പോഴാണ് അനീസും ടീമും നമ്മളെ പിടിച്ചങ് കെട്ടിച്ചു കളയാമെന്നു വിചാരിച്ചത്.എപ്പഴും യാഥാസ്ഥിതിക തത്വങ്ങളെ  ചോദ്യം ചെയ്യണമെന്നത് നിന്റെയും എന്റെയും ചോരയിൽ അലിഞ്ഞു ചേർന്നിട്ടുള്ളതായിരുന്നു.അനീസിന് മതേതരത്വ കമ്യൂണിസ്റ്റ്  പാർട്ടിയെ വളർത്താനായിരുന്നു  നമ്മുടെ വിവാഹമെങ്കിൽ നമുക്കത് ജീവിതവും  ഈ സമൂഹത്തോടുള്ള  കടുത്ത സമരവുമായിരുന്നു.വളരെ കുറച്ചു  മാത്രം സംസാരിച്ചിരുന്ന ഞാൻ നിന്നോട് സംസാരിക്കാനായി മാത്രം വാചാലനായി.എനിക്കറിയാം നീ ഒന്നും മിണ്ടില്ലെന്ന് .കഴിഞ്ഞ മൂന്നു ദിവസമായി നീ ഇതന്നാണല്ലോ പരിപാടി.കല്യാണം കഴിഞ്ഞു രണ്ടാമത്തെ ആഴ്ച മണി  മാനേജ്മെന്റിന്റെ  കാര്യം പറഞ്ഞു നമ്മൾ തമ്മിൽ കശപിശ  ഉണ്ടായപ്പോഴും ഞാൻ  നിന്നിലെ ശെരിയാണ്  കണ്ടത്.ഞാൻ ചിലവാക്കുന്ന പൈസക്ക്  കൺട്രോൾ ഇല്ലന്ന് എനിക്ക് തന്നെ അറിയാവുന്ന സത്യമായിരുന്നു.നീ അതിൽ കണിശകാരിയായിരുന്നു താനും .ഇങ്ങനുള്ള കുറെ കുറവുകളെ തിരുത്താൻ വേണ്ടി കൂടിയായിരുന്നു നമ്മൾ ഈ യാത്ര തുടങ്ങിയത്...


ഇതെല്ലം തുടരുമ്പോഴും ഇന്നത്തെ പരാതി പറച്ചിൽ കുറച്ചു  കൂടുതൽ  അല്ലേഎന്ന് ആ  എട്ടുകാലി കുഞ്ഞന് തോന്നി...അവിടെ താമസമാക്കിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളുവെങ്കിലും അവന്റെ സഹതാമസകാരന്റെ ചിട്ടയും ശീലവുമൊക്കെ അതിനു മുന്നേ  അവനു അറിയാമായിരുന്നു.


പതിവ് നിശബ്ദത  തന്നെയായിരുന്നു ഉത്തരമെങ്കിലും ഷോൺ നിർത്തിയതേയില്ല...
കല്യാണം  കഴിഞ്ഞു രണ്ടാമത്തെ വെള്ളിയാഴ്ച തലേന്നത്തെ കശപിശയുടെ പേരിൽ നീ വാശിപ്പുറത്തു  പറയാതെ ഇറങ്ങുമ്പോൾ നീ എങ്ങോട്ടാണെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നില്ല.എത്രയൊക്കെ വെറുപ്പ് സമ്പാദിച്ചിട്ടും  നീ നിന്റെ ഉമ്മായെയും മൂത്ത ഇത്തായെം  വിളിച്ചതും  അവരെ എന്നെകൊണ്ട്  സംസാരിക്കാൻ  ശ്രമിപ്പിച്ചതും ,നിന്റെ വാപ്പ വന്നു ഫോൺ എറിഞ്ഞുടച്ചതും ഒക്കെ ഓർമ  ഉണ്ട് .അല്ലെങ്കിൽ തന്നെ എന്താണ് ഓര്മ ഇല്ലാത്തത് .നീ അന്ന് വാശിപ്പുറത്തു വീട്ടിൽ  പോയപ്പോഴും എന്റെ പ്രതീക്ഷ നിന്റെ ഭ്രാന്തുകളിൽ ആയിരുന്നു.തിരിച്ചു വരണമെന്ന് തോന്നുന്ന ആ സെക്കൻഡിൽ വീടിന്റെ ഗേറ്റ്  പൊളിച്ചു പോലും വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷെ പ്രതീക്ഷ തെറ്റിയത് അവിടെ ആയിരുന്നില്ല .നീ പോയി മൂന്നാം നാൾ നിന്റെ വക്കീൽ വാപ്പാടെ വക്കാലത്തിൽ ഗാർഹിക പീഡനത്തിന് കേസ് വരുമ്പോൾ ആയിരുന്നു.അത് പക്ഷെ നിന്റെ  ഭ്രാന്ത് അല്ലായിരുന്നു എന്നെനിക്ക് ഉറപ്പായിരുന്നു .
ഇന്നിപ്പോൾ ഒരു സന്തോഷ വാർത്തകൂടി ഉണ്ട്.ജാമ്യം  കിട്ടുന്ന വകുപ്പൊക്കെ  ആണെങ്കിലും നല്ലൊരു എമൗണ്ട്  കെട്ടിവെക്കണം .




അതൊക്കെ പോട്ടെന്നു  വെക്കാഡോ താൻ എന്തിനാണ് ....എന്തിനാണ് ഇവിടേം  വിട്ടു പോവാൻ തീരുമാനിച്ചതെന്നു  എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.എത്ര സില്ലി  ആയിരുന്നു നമ്മൾ തമ്മിലുള്ള പ്രശ്നം.നീ എന്തായാലും അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്.നിന്റെ വാപ്പ നിന്റെ ഇത്തായുടെ കാല്യാണത്തിനു ചെക്കൻ കൂട്ടരുടെ മുന്നിൽ വമ്പ് പറയാൻ ചാവക്കാട്  ജമാഅത് പള്ളി  പ്രസിഡന്റ് ആയ കഥയൊക്കെ ഇപ്പോഴും ഓര്മ ഉണ്ട്. മറക്കാനായിട്ടില്ലല്ലോ ഒന്നും .

നിനക്കൊരു  കത്തോ ...എന്തിനു ഒരു മെസ്സേജ് കൊണ്ടോ എങ്കിലും അത് വെളിവാക്കാമായിരുന്നു .

ഇനി എന്തിനു...  ഞാനും അങ്ങട് വരുവാ...നിന്നെ തേടി തന്നെ...കല്യാണ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തു ഷോൺ അവസാനിപ്പിച്ചു.

പടിഞ്ഞാറേ മൂലക്കിരുന്ന എട്ടുകാലി കുഞ്ഞൻ ഒന്ന് ഏറുകണ്ണിട്ടു നോക്കുന്നതിനിടയിൽ ഹാഷിം എന്ന് കഴിഞ്ഞ ജന്മത്തിൽ പേരുണ്ടായിരുന്ന ഒരു  പെരും  പല്ലി  അവനെ ശാപ്പിട്ടു.






5 comments: